വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടാണ് വിഷുസംക്രമപ്പക്ഷിയുടെ സ്വരമാധുരി അലയടിക്കുക. പൊന്മണിച്ചുണ്ടിനാല് കാലത്തിന് ചുമരിലെ പുഷ്പപഞ്ചാംഗങ്ങള് മാറ്റിയെത്തുന്ന സംക്രമവിഷുപ്പക്ഷിയെക്കുറിച്ച് വയലാർ വർഷങ്ങൾക്കു മുമ്പു പാടിയിട്ടുണ്ട്.
ഓർമയിലെ വിഷുക്കാഴ്ചകളിൽ പൂത്തിരി കത്തിച്ച ബാല്യമുണ്ട്. കൊച്ചുവെളുപ്പാൻകാലത്ത് മേശപ്പൂവിന്റെയും മത്താപ്പിന്റെയും നിലച്ചക്രങ്ങളുടെയുമൊക്കെ പ്രഭയിൽ ജ്വലിക്കുന്ന ആഹ്ലാദം തുടിക്കുന്ന മുഖങ്ങളുടെ സൈക്കഡെലിക് ചിത്രങ്ങളുണ്ട്. മുത്തശിയുടെ അറയിൽനിന്ന് അറിയിപ്പു വരുന്നതും കാത്ത് മിടിക്കുന്ന ഹൃദയത്തോടെയുള്ള കാത്തിരിപ്പിന്റെ ആനന്ദമുണ്ട്. കൈവെള്ളയിൽ പതിക്കുന്ന ഒറ്റരൂപ നാണയത്തിന്റെ തിളക്കത്തിനോളം സൗന്ദര്യം മറ്റൊന്നിലും അന്ന് കണ്ടിട്ടില്ല.
കണിയൊരുക്കുന്നതിന്റെ ഒരുക്കങ്ങൾ തലേന്നേ തുടങ്ങും. ചക്കയും മാങ്ങയും ധാന്യങ്ങളും വസ്ത്രവും കൊന്നപ്പൂവുമെല്ലാം ചേർന്നൊരുക്കുന്ന മായക്കണിയിലേക്ക് ആരോ കൈപിടിച്ചു നടത്തുമ്പോൾ മുറുക്കിയടച്ച കണ്ണു തുറക്കാനുള്ള വെമ്പൽ പണിപ്പെട്ടടയ്ക്കും. കണി കണ്ടാലേ കൈനീട്ടവും കണിയപ്പവും കിട്ടൂ. നൂറു മീറ്റർ മാത്രം അകലമുള്ള സ്വന്തം വീടിനും അമ്മവീടിനുമിടയിൽ വിഷുപ്പുലർച്ചയ്ക്കുള്ള റോന്തുചുറ്റലിന്റെ സന്തോഷം അവർണനീയമാണ്.
വർഷങ്ങൾ കടന്നുപോകെ വിഷുപ്പൊലിമ കുറഞ്ഞുവന്നു. മുത്തശി പോയതോടെ ആചാരങ്ങളും ചിട്ടകളും നേർത്തു. പിന്നെപ്പിന്നെ മനുഷ്യർ തിരക്കുകളിലേക്കു മുങ്ങി. വിഷുദിനത്തിലെ കൂടിച്ചേരലുകൾ വഴിപാടുപോലെയായി.
വിഷു ഓർമകളിൽ സന്തോഷത്തിളക്കം മാത്രമായിരുന്നില്ല. ദുരന്തങ്ങളുടെ നിഴൽ വീണുകിടക്കുന്ന ഇടവഴികളുടെ ഇരുൾ നടുക്കമായി ഇന്നും അവശേഷിക്കുന്നു. ആദ്യത്തേത് വളരെ വർഷങ്ങൾക്കു മുമ്പാണ്. കണി, കൈനീട്ടം, പൂത്തിരി, മത്താപ്പ്, നിലച്ചക്രം, മേശപ്പൂവ്... ആഹ്ലാദം പൊട്ടിത്തെറിച്ച പുലരിയിൽനിന്നു രുചിസമൃദ്ധിയിലേക്കു ജ്വലിച്ച സൂര്യൻ സാക്ഷിയായ ഒരു ദിനം.
പഴയ തറവാടുവീട്ടിന്റെ ഉമ്മറത്ത് നിലത്ത് ഇലയിട്ടിരിക്കുന്നു. വാതിലിനു തൊട്ടടുത്ത് അച്ഛൻ. പിന്നെ ഞാൻ, ചേച്ചി, അനിയത്തി. കറികൾ വിളമ്പിക്കൊണ്ട് അമ്മ. രസമുകുളങ്ങളിൽനിന്ന് ഉഷ്ണജലപ്രവാഹം.
പെട്ടെന്ന് ഗേറ്റു കടന്നൊരാൾ കടന്നുവന്നു. കടൽക്ഷോഭത്തിൽപ്പെട്ട കപ്പൽപോലെ തകർന്നുനീങ്ങുന്ന മനുഷ്യൻ. ആടിയുലഞ്ഞുകൊണ്ട് ആ കപ്പൽ അച്ഛനു സമീപം കുന്തക്കാലിൽ നങ്കൂരമിട്ടു. പരിഭ്രമവും സങ്കടവും മറ്റെന്തൊക്കെയോ വികാരങ്ങളും ആഞ്ഞടിച്ചു ചിതറുന്നമുഖം. തന്റെ വിശ്വസ്തനായ സഹചാരിയുടെ കണ്ണിലേക്കു സൂക്ഷിച്ചുനോക്കി അച്ഛൻ നിശ്ചലനായി. ഒരായിരം ചോദ്യങ്ങൾ അവർക്കിടയിൽ കുരുങ്ങിനിന്നു. വിളമ്പാനെടുത്ത സാമ്പാർപാത്രം താഴെവച്ച് അമ്മ നിവർന്നുനിന്നു. നാവിലെ ഉൾവലിഞ്ഞ രസമുകുളങ്ങളുമായി ഞങ്ങളും ഒരുവേള സ്തംഭിച്ചിരുന്നു.
മുന്നിൽ വിളമ്പിയ ഭക്ഷണത്തിലേക്കൊന്നു നോക്കിയ അദ്ദേഹം ഒരു നിമിഷം ശങ്കിച്ചു. പറയണോ വേണ്ടയോ? നാവു പറയുംമുമ്പ് ആ വാർത്ത കണ്ണിൽനിന്ന് ഇറ്റുവീണു. അപമൃത്യുവിന്റെ ദുരന്തവാർത്ത കേട്ടതേ അച്ഛൻ കൈകുടഞ്ഞെഴുന്നേറ്റു. ഷർട്ടെടുത്തിട്ട് അദ്ദേഹത്തോടൊപ്പം കടൽക്കാറ്റുപോലെ ഗേറ്റ് കടന്നുപോയി. അന്ന് ആ വീട്ടിലും ഈ വീട്ടിലും ആരും ഭക്ഷണം കഴിച്ചില്ല. കത്തിത്തീർന്ന കമ്പിത്തിരികളുടെ അവശിഷ്ടങ്ങൾ മുറ്റത്തു ചിതറിക്കിടന്നു.
വളരെ വർഷങ്ങൾക്കുശേഷമുള്ള ഒരു വിഷുപ്പിറ്റേന്ന്. ഒരു യാത്ര കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട്ടെത്തി. നീണ്ട യാത്രയ്ക്കു ശേഷം ക്ഷീണിതനായിരുന്നു. വീട്ടിലെത്തി നന്നായൊന്നുറങ്ങണം. അതു മാത്രമായിരുന്നു മനസിൽ. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിവരമറിച്ചുള്ള ഫോൺ വന്നത്. നട്ടെല്ലില്ലൂടെ പാഞ്ഞ മിന്നൽ. തൊണ്ടയാട് ജംഗ്ഷനിലെ ചുവപ്പു സിഗ്നൽപോലും കാണാതെ കാർ നിയന്ത്രണമില്ലാതെ പാഞ്ഞു.
വീട്ടിലെത്തി. അനുജത്തിയെയും കൊണ്ട് മുപ്പതു കിലോമീറ്റർ അകലെയുള്ള അവളുടെ ഭർതൃവീട്ടിലേക്ക്. മുപ്പതു കിലോമീറ്ററിനു മൂവായിരം കിലോമീറ്ററിന്റെ ദൂരഭാരം. വീടിനു തൊട്ടടുത്തുള്ള അമ്പലക്കുളത്തിൽ മക്കളോടൊത്തു കുളിക്കാൻ പോയ ഞങ്ങളുടെ ഉണ്ണിയുടെ, അനുജത്തിയുടെ ഭർത്താവിന്റെ, ചേതനയറ്റ ശരീരം അപ്പോഴേക്കും ആശുപത്രിയിൽനിന്നു വീട്ടിലേക്കുള്ള അവസാനയാത്ര തുടങ്ങിയിരുന്നു.
ഈ ദുരന്തങ്ങൾക്കിടയിലെ ചില മിന്നിത്തിളക്കങ്ങൾ മാത്രമായി പിന്നെ വിഷു ഓർമകൾ. വേനലവധിയിലെ ആഘോഷത്തിമർപ്പിന്റെ മൂർധന്യ ഭാവമായിരുന്നു കുട്ടിക്കാലത്തെ വിഷുവിന്. ദൂരെനിന്ന് വന്നെത്തുന്ന കസിൻസ് ആ ആഘോഷങ്ങളുടെ മേളക്കൊഴുപ്പു കൂട്ടും. അവരുടെ തിരിച്ചുപോക്കിന്റെ നൊമ്പരവും പുതിയ ക്ലാസിലേക്കുള്ള പുതുമോടിയുടെ ആഹ്ലാദവും ചേർന്നുള്ള വല്ലാത്തൊരു മാനസികാവസ്ഥയാകും വേനലവധിയുടെ അവസാന നാളുകളിൽ.
പ്രതീക്ഷയുടെയും പുത്തനുണർവിന്റെയും കാവ്യധ്വനിയാണ് മലയാളത്തിന് വിഷു. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഒ.എൻ.വി. കുറുപ്പ്, അയ്യപ്പപ്പണിക്കർ, സുഗതകുമാരി... വിഷുവിനെ ഭാവനയുടെ പൂത്താലത്തിൽ എഴുന്നെള്ളിച്ച പ്രതിഭകൾ എത്രയെത്ര. പാരമ്പര്യത്തനിമ, ആഘോഷക്കൂട്ടായ്മ, കാരുണ്യത്തിന്റെ വിഷുഫലങ്ങൾ, ഗ്രാമീണസൗന്ദര്യത്തിന്റെ തിരനോട്ടങ്ങൾ, പ്രകൃതിയുടെ സംക്രമണങ്ങൾ... അവരുടെ തൂലികയിൽനിന്ന് വിവിധ രസക്കൂട്ടുകൾ അക്ഷരച്ചാലുകളായി ഒഴുകി. സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് ധൂസരമായ കാഴ്ചകൾക്കിടയിലും അവരുടെ വരികൾ ആശംസകളുടെ ആയിരക്കണക്കിനു പകർപ്പുകളായി ലോകം ചുറ്റുന്നു.
സൂര്യന്റെ സഞ്ചാരപഥത്തിലെ മാറ്റം ഋതുക്കളെയും മനുഷ്യരെയും മാറ്റിത്തീർക്കുന്നതിന്റെ സാംസ്കാരികമായ അടയാളപ്പെടുത്തലാണ് വിഷു. യുദ്ധത്തിന്റെയും വിഭാഗീയതയുടെയും അസഹിഷ്ണുതകളുടെയും ദുരന്തസ്ഥലികളിൽനിന്ന് വിഷുപ്പക്ഷി മറ്റൊരു വസന്തത്തിലേക്ക് വിളിച്ചുണർത്താൻ ശ്രമിക്കുകയാണ്. മധുരമായ ആ വിളിയെത്താത്തവിധം മനുഷ്യരാശിയുടെ ഇന്ദ്രിയങ്ങൾ അടഞ്ഞുപോയോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു വിഷുക്കണിയിലേക്ക് പ്രതീക്ഷയോടെ മിഴിതുറക്കുന്നത്.